
കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടമാണ് ഒരാളുടെ ജീവനെടുത്തത്. വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
എസ്.എ റോഡില്‍ നിന്ന് എം.ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. വടം കഴുത്തില്‍ക്കുരുങ്ങി മനോജ് റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്.














