സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള പരാതികള്‍ അറിയിക്കാന്‍ ഇ-മെയില്‍, ഫോണ്‍ നമ്പരുകള്‍ സജ്ജീകരിച്ച് പ്രത്യേക അന്വേഷണ സംഘം

കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് സൃഷ്ടിച്ച കോളിളക്കത്തിനു പിന്നാലെ മലയാള സിനിമാ മേഖലയിലെ പരാതികള്‍ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാന്‍ ഇമെയില്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ സജ്ജീകരിച്ചു. സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന് പരാതികള്‍ അയയ്ക്കാനാണ് ഇമെയിലും ഫോണ്‍ നമ്പറുകളും സജ്ജീകരിച്ചത്.

digtvmrange.pol@kerala.gov.in എന്ന വിലാസത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിന്റെ ഔദ്യോഗിക ഇ-മെയില്‍ ആണിത്. 0471-2330747 എന്ന ഫോണ്‍ നമ്പറിലും പരാതികള്‍ അറിയിക്കാം.

അതേസമയം, ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് മൊഴി നല്‍കിയവരെയും സ്‌പെഷ്യല്‍ ടീം സമീപിക്കും.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമ മേഖലയിലെചൂഷണങ്ങള്‍ തുറന്നുപറഞ്ഞ് നിരവധി വനിതകളാണ് പുറത്തുവരുന്നത്. ദിവസംതോറും പുതിയ പരാതികള്‍ ഉയരുന്നു. ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം കൂടുന്നു. ഏറെ പ്രതിസന്ധിക്കൊടുവില്‍ ഇന്നലെ അമ്മയില്‍ കൂട്ടരാജി ഉണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചുവിട്ട നടപടിയില്‍ താരങ്ങള്‍ക്കിടയില്‍ത്തന്നെ രണ്ടഭിപ്രായം ഉയര്‍ന്നു വരികയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide