നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയയില്‍; മോദിക്ക്‌ ഊഷ്മള സ്വീകരണം

ന്യൂഡല്‍ഹി: നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തിയ സന്തോഷം പങ്കുവെച്ച് ഓസ്ട്രിയ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദിക്ക് ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗ് വിയന്നയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. അദ്ദേഹത്തിനൊപ്പം ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ശംഭുകുമാരനും മോദിയെ സ്വീകരിക്കാനെത്തിയിരുന്നു.

‘നയതന്ത്ര ബന്ധത്തിന് 75 വര്‍ഷം തികയുന്ന ചരിത്രപരമായ ഓസ്ട്രിയ സന്ദര്‍ശനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വാഗതം. ആഗോള സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള സംയുക്ത പ്രതിബദ്ധതയിലാണ് നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം’ എന്ന് മോദിയെ സ്വീകരിച്ച എക്‌സ് അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗ് എക്‌സില്‍ കുറിച്ചു.

കൂടാതെ, ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറും പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു. ഇന്ത്യയെ സുഹൃത്തും പങ്കാളിയും എന്ന് വിളിക്കുകയും സന്ദര്‍ശന വേളയില്‍ രാഷ്ട്രീയവും സാമ്പത്തികവും ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സില്‍ മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. നെഹാമറിന്റെ ഊഷ്മളമായ സ്വാഗതത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി പറയുകയും ഇന്ത്യയും ഓസ്ട്രിയയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.

മോദിക്ക് മുമ്പ് മുന്‍പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983ലായിരുന്നു ഇത്. തുടര്‍ന്ന് 41 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയയില്‍ എത്തുന്നത്.


.

More Stories from this section

family-dental
witywide