
പത്തനംതിട്ട: വിവാഹം ക്ഷണിക്കാനെത്തിയ പെണ്‍സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സുഹൃത്തായ യുവാവും ജീവനൊടുക്കി. സംഭവം നടന്നത് സിംഗപ്പൂരിലാണ്.
പത്തനംതിട്ട കോന്നി മങ്ങാരം മേപ്രത്ത് അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. കൊല്ലം അഞ്ചല്‍ ജങ്ഷന്‍ തേജസില്‍ കെ വി. ജോണിന്റെ മകനും സിംഗപ്പൂര്‍ നാന്‍യാങ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ ജോജി ജോണ്‍ വര്‍ഗീസ് (29) ആണ് അരും കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ ജോജി ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇരുവരും ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളാണ്.
ഫെബ്രുവരി 22 ന് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമിതയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ സല്‍ക്കാര ചടങ്ങുകള്‍ 25 ന് അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാന്‍ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടര്‍ന്ന് ജോജി ആത്മഹത്യ ചെയ്തുവെന്നുമാണ് സൂചന.













