ഏപ്രിൽ വരെ കാത്തിരിക്കേണ്ട; ‘ആടുജീവിതം’ നേരത്തെ എത്തും

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കി. ഏപ്രിൽ മാസത്തിൽ റിലീസിനെത്തും എന്നു പറഞ്ഞിരുന്ന ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ട്. ബെന്യാമിന്റെ ബെസ്റ്റ് സെല്ലിങ് നോവലായ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ആടുജീവിതം. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

Also Read

More Stories from this section

family-dental
witywide