‘ഞാനും കെജ്രിവാള്‍…’ മഞ്ഞ അണിഞ്ഞ് പ്രതിഷേധിച്ച് ആംആദ്മി നേതാക്കള്‍

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബുധനാഴ്ച ഡല്‍ഹി നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ‘മെയിന്‍ ഭി കേജ്രിവാള്‍’ അഥവാ, ഞാനും കെജ്രിവാളാണ് എന്ന മുദ്രാവാക്യം അച്ചടിച്ച മഞ്ഞ ടീ ഷര്‍ട്ട് അണിഞ്ഞാണ് പ്രവര്‍ത്തകര്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ തങ്ങളുടെ ദേശീയ കണ്‍വീനറെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കീഴിലുള്ള ‘സ്വേച്ഛാധിപത്യത്തെ’ അപലപിച്ചും മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തി.

അതേസമയം, മാര്‍ച്ച് 22 ന് നടക്കാനിരുന്ന ഡല്‍ഹി നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് പ്രകടനം നടത്തിയത്. കെജ്രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് സമ്മേളനം മാര്‍ച്ച് 27 ലേക്ക്, അതായത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കെജ്രിവാള്‍ ജയിലിലായതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം കൂടിയായിരുന്നു ഇത്. കെജ്രിവാളിനെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയും എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് നിയമസഭ 15 മിനിറ്റോളം സ്പീക്കര്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, എഎപി എംഎല്‍എമാര്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് സഭ പിരിയുകയും ഏപ്രില്‍ ഒന്നിലേക്ക് മാറ്റിവെക്കുകയുമായിരുന്നു.

അതേസമയം, ഡല്‍ഹി നിയമസഭയ്ക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ എഎപി മന്ത്രി അതിഷി, ഈ രാജ്യത്ത് ജനാധിപത്യം നശിപ്പിക്കപ്പെടുന്നുവെന്നും എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടയ്ക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സീല്‍ ചെയ്യുന്നുവെന്നും ആരോപിച്ചു. മാത്രമല്ല, ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലായി, അതും ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം. അദ്ദേഹത്തിന്റെ അറസ്റ്റ് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide