ബിജെപിക്ക് വന്‍ തിരിച്ചടി; ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി, വിജയിച്ചത് എഎപി

ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി സ്ഥാനാർഥി ജയിച്ചെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു ഫലം സുപ്രീം കോടതി അസാധുവാക്കി. വോട്ടെണ്ണലിൽ അസാധുവാക്കി മാറ്റിവെച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയ സുപ്രീംകോടതി അത് എണ്ണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച എഎപി അംഗം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്‌. 16-നെതിരെ 20 വോട്ടുകൾക്കാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിന്റെ ജയം.

പ്രിസൈഡിങ് ഓഫിസറായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ പ്രിസൈഡിങ് ഓഫിസർ ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി അനിൽ മസി പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാർഥിക്ക് 16 വോട്ടുകളും കോൺഗ്രസ്-എ.എ.പി. സ്ഥാനാർഥിക്ക് 12 വോട്ടും ആയി. എന്നാൽ അസാധുവാക്കിയ ഈ എട്ട് വോട്ടുകളും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിശോധിച്ചു. തുടർന്ന് എട്ട് വോട്ടുകളും സാധുവാണെന്ന്‌ കോടതി വ്യക്തമാക്കി. സുപ്രീം കോടതി സാധുവാണെന്ന് വിധിച്ച 8 വോട്ടുകളും എഎപി- കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഇതോടെയാണ് കുൽദീപ് കുമാർ വിജയി ആണെന് സുപ്രീംകോടതി വിധിച്ചത്.

ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യങ്ങളും നേരിട്ടു പരിശോധിച്ചാണു സുപ്രീം കോടതി വിധി പറഞ്ഞത്. കുതിരക്കച്ചവടം ഗുരുതര പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചിക്കില്ലെന്നു സൂചിപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide