
ന്യൂഡൽഹി: എഎപിയുടെ ഏക ലോക്‌സഭാംഗം സുശീൽ കുമാർ റിങ്കു ബിജെപിയിൽ ചേർന്നു. ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുറലും ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി അംഗത്വം സ്വീകരിച്ചു.
2023ലെ ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സുശീൽ റിങ്കു മികച്ച വിജയം നേടിയിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബാനറിൽ റിങ്കു മത്സരിക്കാനൊരുങ്ങുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ റിങ്കുവും അംഗുറലും ജലന്ധർ വെസ്റ്റ് സീറ്റിലേക്ക് നേർക്കുനേരായിരുന്നു അങ്കം. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന റിങ്കുവിനെതിരെ എഎപി ടിക്കറ്റിൽ അംഗുറൽ വിജയിച്ചു. 2023ലാണ് റിങ്കു എഎപിയിലേക്ക് കളം മാറിയത്. ആപ്പിന്റെ ഏക എംപിയാണ് സുശീൽ കുമാർ റിങ്കു.
പഞ്ചാബിൻ്റെ വികസനത്തിനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നും, പ്രത്യേകിച്ച് ജലന്ധറിൽ, വികസന പദ്ധതികൾ സുഗമമാക്കുന്നതിൽ അവഗണന കാണിച്ചതിന് എഎപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും സുശീൽ കുമാർ റിങ്കു പറഞ്ഞു.
“എനിക്ക് അധികാരത്തോടുള്ള അത്യാഗ്രഹമില്ല. ജലന്ധറിൻ്റെ പുരോഗതിക്കായി ഞാൻ ഒരു പുതിയ പരീക്ഷണം നടത്തുകയാണ്,” റിങ്കു പറഞ്ഞു.













