മക്കള്‍ ഉപേക്ഷിച്ച അന്നക്കുട്ടിക്ക് നാടിന്റെ യാത്രാമൊഴി; ആദരാഞ്ജലി അര്‍പ്പിച്ച് കളക്ടര്‍

തൊടുപുഴ: കുമളിയില്‍ കഴിഞ്ഞ ദിവസം അനാഥയായി മരിച്ച അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടിക്ക് നാടിന്റെ യാത്രാമൊഴി. മക്കള്‍ ഉപേക്ഷിച്ച അന്നക്കുട്ടി മാത്യു വാടക വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്നാണ് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. കുമളി ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ പൊതുദര്‍ശനത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ്.നായര്‍, പൊലീസ്, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിയിലായിരുന്നു സംസ്‌കാരം.

മകനും മകളും ഉണ്ടെങ്കിലും ഇവര്‍ നോക്കാത്തതിനെത്തുടര്‍ന്ന് അന്നക്കുട്ടി തനിയെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം വീണു പരുക്കേറ്റതോടെ കിടപ്പിലാവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിയുടെ മക്കള്‍ ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം.

സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. പൊലീസ് അറിയച്ചതനുസരിച്ച് ബാങ്ക് ജീവനക്കാരനായ മകന്‍ ആശുപത്രിയിലെത്തിയെങ്കിലും വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

More Stories from this section

family-dental
witywide