
ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ്റെ (എബിസി ന്യൂസ്) സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവാനി ഡയസ് ഇന്ത്യ വിട്ടു. തൻ്റെ വീസ കാലാവധി നീട്ടിക്കൊടുക്കില്ല എന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചതായി അവർ പറഞ്ഞു. എൻ്റെ റിപ്പോർട്ടിങ് പരിധികൾ ലംഘിച്ചതിനാൽ വീസ നീട്ടിത്തരില്ല എന്ന് ഇന്ത്യൻ ഗവൺമെന്റ് അറിയച്ചതിനെ തുടർന്ന് എനിക്ക് വളരെ പെട്ടെന്ന് ഇന്ത്യ വിടേണ്ടി വന്നു എന്ന് അവർ എക്സിൽ പോസ്റ്റിട്ടിട്ടുണ്ട്. രണ്ടര വർഷമായി അവനി ഇന്ത്യയിൽ ജോലി ചെയ്യുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനുള്ള ഇലക്ഷൻ അക്രെഡിറ്റേഷനും അവനിക്ക് അനുവദിക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചിരുന്നതായും അവർ പറയുന്നു. മൂന്നു മാസം മൻപ് ഇതേ വീസ വിഷയത്തെ തുടർന്ന് ഫ്രഞ്ച് പത്രപ്രവർത്തക വനേസ ഡഗ്നാക് ഇന്ത്യ വിട്ടിരുന്നു. 25 വർഷമായി ഇന്ത്യയിൽ പത്രപ്രവർത്തകയായി ജോലി ചെയ്തിരുന്ന അവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കാനഡയിൽ സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അവനിയുടെ റിപ്പോർട്ട് ഇന്ത്യയിൽ യുട്യൂബിൽ ബ്ലോക്ക് ചെയ്തിരുന്നു.
ഓസ്‌ട്രേലിയയിൽ നിന്ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അവനിയുടെ പോഡ്കാസ്റ്റ് ‘ലുക്കിംഗ് ഫോർ മോദി’ എന്ന ക്യാപ്ഷനിൽ പുറത്തു വന്നിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അവനിയെ ഫോണിൽ വിളിച്ച് ഈ റിപ്പോർട്ട് പരിധികൾ ലംഘിക്കുന്നതാണ് എന്ന് അറിയിച്ചിരുന്നതായി അവനി പറയുന്നു.
അവനി തൻ്റെ ജോലി ചെയ്യുന്നതിനിടെ “വീസ നിയമങ്ങൾ ലംഘിച്ചതായി” കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.
വിദേശ പത്രപ്രവർത്തകരുടെ വീസ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഫോറിനേഴ്സ് റജിസ്ട്രേഷൻ ഓഫിസ് ഇതു സംബന്ധിച്ച് മറുപടിയൊന്നും പറഞ്ഞിട്ടില്ല.
അതേസമയം, എബിസി ന്യൂസിനായി ഓസ്‌ട്രേലിയയിൽ നിന്ന് അവനി ഇന്ത്യൻ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുമെന്ന് എബിസി അറിയിച്ചു. “ലോകമെമ്പാടുമുള്ള സ്വതന്ത്ര പത്രപ്രവർത്തനത്തിൻ്റെ പങ്കിലും മാധ്യമ സ്വാതന്ത്ര്യത്തിലും എബിസി ശക്തമായി വിശ്വസിക്കുന്നതായി അവർ അറിയിച്ചു.
സംഭവവികാസത്തിൻ്റെ പശ്ചാത്തലത്തിൽ , ഇന്ത്യ ആസ്ഥാനമായി ജോലി ചെയ്യുന്ന 20-ലധികം വിദേശ ലേഖകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ABC journalist exits India As she found it difficult to do her job in India















