ഇനിയെന്ന് മോചനം, കാത്തിരിപ്പ് നീളുന്നു, റഹീം കേസ് അഞ്ചാം തവണയും മാറ്റി

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതി അഞ്ചാമതും മാറ്റി. ഇന്ന് ഉച്ചക്ക് 11.30ന് നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. ജനുവരില്‍ 15ന് രാവിലെ എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക. അന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

മോചന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിംഗായിരുന്നു ഇന്ന് നടന്നത്. ഡിസംബര്‍ 12ലെ കോടതി സിറ്റിംഗ് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. തുടര്‍ന്നാണ് 30ലേക്ക് കേസ് മാറ്റിയത്.

2006 ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസറുടെ മകനായ 15 കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു. റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെയാണ്‌ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തത്.