
ന്യൂയോർക്ക് അമേരിക്കൻ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണെ കുറിച്ചുള്ള ‘ലവർ ഓഫ് മെൻ: ദ അൺടോൾഡ് സ്റ്റോറി ഓഫ് എബ്രഹാം ലിങ്കൺ’ എന്ന ഡോക്യുമെന്‍ററി വിവാദത്തിൽ. ലിങ്കൺ സ്വവർഗരതിക്കാരനായിരുന്നു എന്നതടക്കമുള്ള പരാമർശങ്ങളാണ് ഡോക്യുമെന്‍ററിയിലുള്ളത്. ട്രയിലറിൽ തന്നെ ഇക്കാര്യം വ്യക്തമായി സൂചിപിക്കുന്നുണ്ട്. പലരും കണ്ടിട്ടില്ലാത്ത ചിത്രങ്ങളും കത്തുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഡോക്യുമെന്‍ററിയിൽ ലിങ്കന് മറ്റ് പുരുഷന്മാരുമായുള്ള അടുപ്പത്തെക്കുറിച്ചാണ് കൂടുതലായും വിവരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ലവർ ഓഫ് മെൻ എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം കത്തിയത്. അമേരിക്കൻ പ്രസിഡന്റ് ആകുന്നതിനുമുൻപുള്ള ലിങ്കന്റെ സ്വകാര്യ ജീവിതമാണ് ഡോക്യുമെന്ററി പ്രധാനമായും പറയുന്നതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. ഷോൺ പീറ്റേഴ്സൺ സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററിയിൽ ചരിത്രകാരന്മാർ, പണ്ഡിതന്മാർ എന്നിവരുടെ അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷ പങ്കാളികൾക്ക് ലിങ്കൺ അയച്ച കത്തുകളുടെ വിവരങ്ങളാണ് കൂടുതലായും ‘ലവർ ഓഫ് മെൻ’ പറയുന്നത്.
ലിങ്കന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന സ്പീഡെന്നയാൾക്ക് അയച്ച കത്തുകളും ഇക്കൂട്ടത്തിലുണ്ട്. ‘പ്രിയപ്പെട്ട സ്പീഡ്, നീയില്ലാതെ ഞാൻ വളരെ ഏകാന്തനായിരിക്കും, ലിങ്കനെ സ്നേഹിക്കു’ – സിപീഡിന് ലിങ്കൺ അയച്ചതായി ട്രെയിലറിലുള്ള കത്തിൽ പറയുന്നത് ഇങ്ങനെയാണ്.
ട്രെയിലർ വലിയ വിവാദത്തിലേക്ക് പോകുമ്പോൾ ടെസ്‌ല ഉടമ ഇലോൺ മസ്കും അതിന്‍റെ ഭാഗമായി കമന്‍റടിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലിങ്കൺ ഒരു ’ഗേ വാമ്പയർ’ (സ്വവർഗാനുരാഗിയായി രക്ഷസ്) ആണെന്നത് എല്ലാവർക്കും അറിയുമെന്നാണ് മസ്ക് അഭിപ്രായപ്പെട്ടത്.