
പത്തനംതിട്ട: കൂടലിലെ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാലയില്‍ നിന്നും ആറുമാസം കൊണ്ട് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി. അഭിഭാഷകന്‍ മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് കേസിലെ പ്രതി. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
2023 ജൂണ്‍ മുതല്‍ ഡിസംബര്‍ 28 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണത്തില്‍ നിന്നാണ് മോഷ്ടിച്ചത്. മദ്യ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന പണം തൊട്ടടുത്ത ദിവസം കൂടല്‍ എസ്ബിഐ ശാഖയിലാണ് നിക്ഷേപിക്കുന്നത്. ഓരോ ദിവസവും കൊടുത്തയയ്ക്കുന്ന പണത്തില്‍ ഒരു നിശ്ചിത തുക അരവിന്ദ് തട്ടിയെടുക്കുകയായിരുന്നു. പേ ഇന്‍ സ്ലിപ്പ് കൗണ്ടര്‍ ഫോയിലില്‍ തിരുത്തല്‍ വരുത്തിയായിരുന്നു തട്ടിപ്പ്.
കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കൂടല്‍ പൊലീസിന് കൈമാറും. ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായാണ് പണം ചെലവഴിച്ചത്. അരവിന്ദിന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. 81.6 ലക്ഷം രൂപ യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 31.4 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിയിലേക്ക് കൂടുതല്‍ പണം പോയതായി കണ്ടെത്തിയത്.