
തിരുവനന്തപുരം: പി.വി.അന്‍വര്‍ പാര്‍ട്ടി മാറിയതോടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത നിര്‍മാണം പൊളിക്കാനുള്ള നീക്കം കൂടരഞ്ഞി പഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കി. ഇത് സംബന്ധിച്ച കേസ് വര്‍ഷങ്ങളായി നടന്നിരുന്നതാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ നടപടികള്‍ക്കു വേഗം കൂട്ടി.
അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പിവിആര്‍ നാച്വറോ പാര്‍ക്കിനോടുചേര്‍ന്ന് കാട്ടരുവി തടഞ്ഞുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതിയും കലക്ടറും ഉത്തരവിട്ടിട്ടും സാങ്കേതിക വാദങ്ങള്‍ ഉന്നയിച്ചു പഞ്ചായത്ത് നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു പഞ്ചായത്ത്. എന്നാല്‍ അന്‍വറിനെ സിപിഎം തള്ളിപ്പറഞ്ഞതോടെ കാര്യങ്ങള്‍ക്ക് വേഗം കൂടി. ഉടമ അനധികൃത നിര്‍മാണം പൊളിച്ചുനീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ഇടപെട്ടു പൊളിച്ചു നീക്കാനും ചെലവ് ഉടമയില്‍ നിന്നു വാങ്ങാനുമായിരുന്നു കലക്ടറുടെ ഉത്തരവ്. അന്‍വര്‍ രാഷ്ട്രീയം മാറിയതോടെ 27നു പ്രത്യേക ഭരണ സമിതി ചേര്‍ന്ന് റീ ടെന്‍ഡര്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, സന്ധിയില്ലാതെ അന്‍വര്‍ പോര് കടുപ്പിച്ചിരിക്കുകയാണ്.












