
കൊച്ചി: ലൈംഗിക ആരോപണം നേരിട്ടതിനെ തുടര്‍ന്ന് താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വെച്ച സിദ്ദിഖിന്റെ തീരുമാനം സ്വാഗതം ചെയ്ത് നടന്‍ അനൂപ് ചന്ദ്രന്‍. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അമ്മ എന്ന സംഘനയ്ക്ക് അപമാനമാണെന്ന് താന്‍ ഇന്ന് രാവിലെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് മെയില്‍ ചെയ്തിരുന്നുവെന്നും പിന്നാലെയാണ് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി വാര്‍ത്ത അറിയുന്നതെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട് അദ്ദേഹം സ്വമേധയാ രാജിവെക്കുകയോ എക്‌സിക്യുട്ടീവ് കമ്മിറ്റി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ആരോപണം വന്നാല്‍ മാറിനില്‍ക്കുക എന്നതാണ് മലയാളികളുടെ സംസ്‌കാരമെന്നും അനൂപ് വ്യക്തമാക്കി.
ഒരു പെണ്‍കുട്ടി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞിരിക്കുകയാണെന്നും അഗ്‌നിശുദ്ധി വരുത്തിയാല്‍ സിദ്ദിഖിന് തിരിച്ചുവരാമെന്നും അനൂപ് അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ സിനിമാ സെറ്റില്‍ നടക്കുന്നത് താന്‍ അറിയാറില്ലെന്നും അഭിനയിക്കുക, തിരിച്ചു വരിക എന്നതാണ് ചെയ്യാറുള്ളതെന്നും പറഞ്ഞ അനൂപ് നമ്മളറിയാത്ത പല വേദനിപ്പിക്കുന്ന അനുഭവങ്ങളും പെണ്‍കുട്ടികള്‍ അമ്മ എന്ന സംഘടനയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരമാകാതെയാണ് അവര്‍ സര്‍ക്കാരിന് മുന്നിലെത്തിയതെന്നും അനൂപ് ചൂണ്ടിക്കാട്ടി.













