‘ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ മറ്റാരുമില്ല’, തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തിൽ നടി കസ്തൂരിക്ക് ജാമ്യം

ചെന്നൈ: തെലുങ്ക് ജനതക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ അറസ്റ്റിലായ നടി കസ്തൂരി ശങ്കറിന് ജാമ്യം. ഉപാധികളോടെയാണ് നടിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ മറ്റാരുമില്ലെന്ന് പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവിലായിരുന്ന നടിയെ 17 നാണ് അറസ്റ്റ് ചെയ്തത്.

ദിവസവും എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ നടി ഹാജരാകണം. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയ തെലുങ്കര്‍ തമിഴരാണെന്ന് അവകാശപ്പെട്ടെന്നാണ് ബിജെപി അനുഭാവിയായ നടി പ്രസംഗിച്ചത്. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് കാട്ടി നടി സമൂഹ മാധ്യമത്തില്‍ ക്ഷമ പറഞ്ഞിരുന്നു. ഹൈദരാബാദിലെ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന നടിയെ ചില വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞ് അനുനയിപ്പിച്ചാണ് പ്രത്യേക പൊലീസ് സംഘം നടിയെ അറസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide