
തിരുവനന്തപുരം: പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന ബി ജെ പിക്ക് വേണ്ടി വോട്ടുതേടി രംഗത്ത്. തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടിയാകും ശോഭന പ്രചാരണത്തിനിറങ്ങുക. ഇന്ന് വാർത്താസമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖറിനൊപ്പം പങ്കെടുത്ത് നടി, നാളെ വോട്ട് തേടി നെയ്യാറ്റികരയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലും ശോഭന പങ്കെടുക്കും.
രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്ന സൂചനയും ശോഭന നൽകിയിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതിരുന്ന ശോഭന, ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നുമാണ് പറഞ്ഞത്. മലയാളത്തിൽ പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം ശരിക്കൊന്ന് പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ഇപ്പോള്‍ തന്‍റെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും നടി വിശദീകരിച്ചു.
അതേസമയം ശോഭന നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ശോഭന എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പുരോഗതി വേണം, മാറ്റം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും ആ മാറ്റം തിരുവനന്തപുരത്ത് കാണാമെന്നും രാജീവ് ചന്ദ്രശേഖര്‍ വിവരിച്ചു. ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷു കൈനീട്ടം നല്‍കുകയും ചെയ്തു.
Actor Shobana campaigns for Rajeev Chandrashekhar