‘മന്ത്രിയോടൊപ്പം ഇരിക്കാൻ യോഗ്യതയില്ല’, സംഘാടകർ ഒഴിവാക്കി; പക്ഷേ ചേർത്ത് നിർത്തി മന്ത്രി, നന്ദി പറഞ്ഞ് അമൃത

സ്വന്തം നാട്ടിലെ സ്കൂളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചുള്ള നടിയും ഇൻഫ്ലുവൻസറുമായ അമൃതാ നായരുടെ കുറിപ്പ് ശ്രദ്ധ നേടുന്നു. പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ ആദ്യം അതിഥിയായി ക്ഷണിച്ചെന്നും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം ഇരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് സംഘാടകർ ഒഴിവാക്കുകയും ചെയ്‌തെന്ന് താരം വെളിപ്പെടുത്തി. ഷൂട്ടിംഗും മറ്റുളള തിരക്കുകളും മാറ്റിവച്ചാണ് പരിപാടിക്കായി സമയം കണ്ടെത്തിയതെന്നും സ്കൂൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്ന അപമാനം വേദനിപ്പിച്ചെന്നും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. സംഭവം അറിഞ്ഞ മന്ത്രി തന്നെ ചേർത്ത് നിർത്തിയെന്നും ചിത്രം പങ്കുവച്ചുകൊണ്ട് മറ്റൊരു പോസ്റ്റും അമൃത പങ്കുവച്ചിട്ടുണ്ട്. മന്ത്രിയോടുള്ള നന്ദിയും താരം അറിയിച്ചു.

അമൃതയുടെ കുറിപ്പ് ഇങ്ങനെ

‘ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ, ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം. ഞാൻ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്തി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ഷനിൽ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്. അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് “മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത” എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയിൽ, അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം. എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി. കാരണം, പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവിൽ നിൽക്കുമ്പോൾ. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ.”

അമൃതയുടെ രണ്ടാമത്തെ കുറിപ്പ് ഇപ്രകാരം

പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവച്ചിരുന്നുവലോ. ആ വിഷയത്തിൽ എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങൾ വഴിയും പിന്തുണ അറിയിച്ച എല്ലാവർക്കും എന്റെ നന്ദി. വേദിയിൽ ഒപ്പം ഇരിക്കാൻ യോഗ്യത ഇല്ലെന്നു പറഞ്ഞവരുടെ മുൻപിൽ എന്നെ ഇങ്ങനെ ചേർത്ത് നിർത്തിയ ബഹു: മന്ത്രി ഗണേഷ്‌ സാറിനോട് ഓരായിരം നന്ദി.

Actress amrutha nair instagram post about minister kb ganesh kumar

More Stories from this section

family-dental
witywide