
കൊച്ചി: ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയില്‍ ആരംഭിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.
ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നില്‍ വാഹനമിടിപ്പിച്ച് നിര്‍ത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.
വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമവാദത്തിന്റെ നടപടി ക്രമങ്ങള്‍ ഏതാണ്ട് ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കും.
അതിനിടെ കേസില്‍ നീതിതേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ ഹൈക്കോടതിയ്ക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കത്തില്‍ പറയുന്നു. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. എന്നാല്‍, അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിത പറഞ്ഞു.
മെമ്മറി കാര്‍ഡ് പുറത്തുപോയാല്‍ അത് തന്റെ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്ടപതിയുടെ ഇടപെടല്‍ വേണമെന്നും കത്തില്‍ പറയുന്നു.












