
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഏഴര വർഷത്തിന് ശേഷം ജയിൽ മോചിതനായപ്പോൾ ഏവരും ശ്രദ്ധിച്ചത് അയാളുടെ മുടി കൂടിയായിരിക്കും. ജയിലിൽ നിന്ന് പുറത്തിറങ്ങിയ സുനിക്ക് തലമുടി സ്റ്റൈലാക്കിക്കൊണ്ടുള്ള മേക്കോവർ ആരായിരിക്കും നൽകിയതെന്ന് ചോദ്യമാണ് ഉയരുന്നത്. ജയിലിൽ കുറ്റവാളി ഡിമാൻഡ് ചെയ്യുന്നതനുസരിച്ച് ഹെയർ സ്റ്റൈൽ നൽകുന്ന സംവിധാനം കേരളത്തിലെ ജയിലുകളിലുണ്ടോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഇതിനൊപ്പം തന്നെ ബലാത്സംഗ കേസിലെ പ്രതിയെ സ്വീകരിക്കാൻ ജയിലിന് പുറത്തെത്തിയവരും കേരള സമൂഹത്തിന് നേരെ ഒരു ചോദ്യമായി മാറിയിട്ടുണ്ട്. കോടികൾ മുടക്കി സുനിയെ ആരാണ് ജാമ്യം നേടി പുറത്തിറക്കിച്ചതെന്ന ചോദ്യവും ബാക്കിയാണ്. പൾസർ സുനി ഏഴര വർഷത്തിന് ശേഷം ജയിൽ മോചിതനായപ്പോൾ അങ്ങനെ നിരവധി ചോദ്യങ്ങളാണ് കേരളീയ സമൂഹത്തിൽ ഉയരുന്നത്. ഇതിനൊക്കെ ഉത്തരം കിട്ടാനായി കാത്തിരിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.അതേസമയം നടിയെ ആക്രമിച്ച കേസില്‍ കർശന ഉപാധികളോടെയാണ് ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം നേടി ജയിലിന് പുറത്തിറങ്ങിയത്. ഒരു സിം കാര്‍ഡേ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കരുത്, എറണാകുളം സെഷന്‍സ് കോടതി വിട്ടുപോകരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. പള്‍സര്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പോലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വിചാരണ നീണ്ടുപോകുന്നതിനാല്‍ സുപ്രീംകോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാന്‍ നിര്‍ദേശിച്ചത്.