അന്നപൂരണി വിവാദത്തിൽ മാപ്പും ഒപ്പം ജയ്ശ്രീറാമുമായി നയൻതാര

‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫൂഡ്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നയൻ‌താര. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നയൻ‌താര മാപ്പ് പറഞ്ഞത്. ആരുടേയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കുന്നുവെന്നും നയൻ‌താര കത്തിൽ പറഞ്ഞു. ജയ് ശ്രീറാം എന്ന തലക്കെട്ടോടെ ആണ് നയൻ‌താര കത്ത് തുടങ്ങുന്നത്. ഓം ചിഹ്നവും കത്തിലുണ്ട്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നയൻതാരയായിരുന്നു.അന്നപൂരണി ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുഎന്നുമുള്ള ആരോപണങ്ങളാണ് ഹൈന്ദവ സംഘടനകൾ മുന്നോട്ടുവച്ചത്.

അന്നപൂരണി’ എന്ന എന്റെ സിനിമയെ സംബന്ധിച്ചു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചർച്ചകളെ തുടർന്ന് ഹൃദയഭാരത്തോടെയും ആത്മാർത്ഥതയോടെയുമാണ് താൻ ഈ കുറിപ്പെഴുതുന്നത് എന്ന ആമുഖത്തോടെ ആണ് കത്ത് തുടങ്ങുന്നത്. അന്നപൂരണി എന്ന ചിത്രം വെറുമൊരു സിനിമാ മാത്രമല്ല, ചെറുത്തുനിൽപ്പുകളെ പ്രചോദിപ്പിക്കാനും ഒരിക്കലും തളരാത്ത മനോഭാവം വളർത്താനുമുള്ള ഹൃദയംഗമമായ പരിശ്രമമായിരുന്നു. ജീവിത യാത്രയെ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പൂർണ്ണമായ ഇച്ഛാശക്തി കൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കാൻ കഴിയുമെന്ന് മനസിലാക്കി തരാനാണ് ശ്രമിച്ചത്.

ഒരു നല്ല ആശയം ജനങ്ങളുമായി പങ്കിടാനുള്ള ഞങ്ങളുടെ ആത്മാർത്ഥമായ ശ്രമത്തിൽ, അശ്രദ്ധമായി ഞങ്ങൾ നിങ്ങളെ വേദനിപ്പിച്ചിരിക്കാം. മുമ്പ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സെൻസർ ചെയ്ത സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഞാനും എന്റെ ടീമും ഒരിക്കലും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല, ഈ പ്രശ്നത്തിന്റെ ഗൗരവം ഞങ്ങൾ മനസ്സിലാക്കുന്നു. പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ, എനിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കാത്ത ഒരു കാര്യമാണത്. ഞങ്ങൾ കാരണം വേദനിച്ച ആളുകളോട്, ഞാൻ എന്റെ ആത്മാർത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം നടത്തുന്നു.” നയൻ‌താര കത്തിൽ പറയുന്നു.

Actress Nayanthara posts Apology letter in Instagram in connection with her movie