
തിരുവനന്തപുരം: നിലമ്പൂർ എം എൽ എ അൻവർ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാൻ ഡി ജി പിയുടെ നേതൃത്വത്തിൽ ഉന്നതതലസംഘത്തെ നിയോഗിച്ച് സർക്കാർ. ഏറ്റവും പ്രധാനമായി ആരോപണമുയർന്ന എ ഡി ജി പി എം.ആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കാതെയുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും മുഖ്യമന്ത്രി സംരക്ഷിച്ചിട്ടുണ്ട്. ഇരുവരെയും തത്കാലം മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ എന്നാണ് വിവരം. അതായത് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സ്ഥാനത്ത് അജിത്കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തുടരും എന്ന് സാരം. അജിത്കുമാറിനെ മാറ്റിയാൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ കാര്യത്തിൽ ചർച്ച ഉയർന്നേക്കുമെന്ന സാധ്യത മുന്നിൽ കണ്ടാണ് ഈ നീക്കമെന്നാണ് വിവരം.
അതേസമയം ആരോപണങ്ങൾ സംസ്ഥാന പൊലീസ് മേധാവിയായ ഡി ജി പി ഷെയ്ക് ദർവേഷ് സാഹിബ് അടക്കമുള്ള അഞ്ചംഗ സംഘം നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഷെയ്ക് ദർവേഷ് സാഹിബിനൊപ്പം ജി സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാകും പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കുക.
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.