മലയാളിയും കേരള സര്‍ക്കാരിന്റെ മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായ അഡ്വ. പി.വി ദിനേശിന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക പദവി

ന്യൂഡല്‍ഹി: മലയാളിയും കേരള സര്‍ക്കാരിന്റെ മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായ അഡ്വ. പി.വി ദിനേശിന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലെ ഫുള്‍ കോര്‍ട്ട് മീറ്റിംഗിനെ തുടര്‍ന്നാണ് വിജ്ഞാപനം വന്നത്. പി.വി ദിനേശ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയിരിക്കുന്നത്.

2003 ല്‍ പ്രവര്‍ത്തനം ആരംഭിച്ച നിയമകാര്യങ്ങള്‍ സംബന്ധിക്കുന്ന ലൈവ് ലോ എന്ന വെബ്‌പോര്‍ട്ടലിന്റെ സഹസ്ഥാപകനും കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ ദിനേശ് കാസര്‍കോട് നീലേശ്വരം മടിക്കൈ സ്വദേശിയാണ്.

തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1994 മുതല്‍ ഡല്‍ഹിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

2006 മുതല്‍ 2011 വരെ കേരളസര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സെല്‍ ആയിരുന്നു. ലൈവ് ലോ ഡയറക്ടറും അഭിഭാഷകയുമായ ടി.പി സിന്ധുവാണ് ഭാര്യ. മകള്‍ അനാമിക നിയമവിദ്യാര്‍ത്ഥിനിയും മകന്‍ ആദില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

ജനുവരി 19 ന് സുപ്രീം കോടതി 56 അഭിഭാഷകര്‍ക്ക് മുതിര്‍ന്ന പദവി നല്‍കിയിരുന്നു. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുതിര്‍ന്ന അഭിഭാഷക പദവികള്‍ സുപ്രീം കോടതി നല്‍കുന്നത്. കൂടാതെ, 2017 ലെ വിധിയില്‍ (ഇന്ദിര ജെയ്സിംഗ് / സുപ്രീം കോടതി ഓഫ് ഇന്ത്യ) കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം രൂപീകരിച്ച പരിഷ്‌ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പദവികള്‍ തീരുമാനിക്കുന്നത് ഇതാദ്യമാണ്.

More Stories from this section

family-dental
witywide