കൊച്ചി: അന്തരിച്ച സി പി എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം അമ്മയ്ക്കൊപ്പം സംസ്കരിക്കണമെന്ന മകൾ ആശ ലോറൻസിന്‍റെ ആവശ്യം തള്ളി. കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയാണ് ആശയുടെ ആവശ്യം തള്ളിയത്. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാമെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വ്യക്തമാക്കി. കേരള അനാട്ടമി ആക്ട് പ്രകാരമാണ് നടപടിയെന്നും ഉപദേശക സമിതി അറിയിച്ചു. എംഎം ലോറൻസിന്റെ ആഗ്രഹം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണമെന്നായിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി.
എം എം ലോറൻസിന്റെ മക്കളുടെ വാദങ്ങൾ വിസ്തരിച്ച് കേട്ട ശേഷമാണ് തീരുമാനം കൈകൊണ്ടത്. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് മകള്‍ ആശ എതിർപ്പ് ആവർത്തിച്ചു.
സാക്ഷികളായ അഡ്വ. അരുൺ ആൻ്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറന്‍സിന്‍റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി കൂട്ടിച്ചേര്‍ത്തു.











