മുംബൈ: അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20 ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ മരണപ്പെട്ടതിന്റെ കാരണം ജോലി ഭാരമാണെന്ന വെളിപ്പെടുത്തലുമായി പിന്നാലെ അമ്മ രംഗത്തെത്തുകയായിരുന്നു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.
‘അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്‌സില്‍ കുറിച്ചു. വൈക്കം സ്വദേശിനിയായ യുവതിയുടെ മരണം സംബന്ധിച്ച് തൊഴില്‍വകുപ്പ് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്നും അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും ആരോപിച്ച് യുവതിയുടെ അമ്മ പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്ത് സോഷ്യൽമീഡിയയിൽ ചര്‍ച്ചയായതിന് പിന്നാലെയാണ് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിഷയം ഉന്നയിച്ചത്.
‘ഭാവിയെ ആവേശത്തോടെ കാണുകയും നിരവധി സ്വപ്നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുകയും ചെയ്തവളാണ് എന്റെ മകള്‍. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ അവളുടെ ആദ്യ ജോലിയായിരുന്നു. അത്തരമൊരു പ്രമുഖ കമ്പനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അവള്‍ ത്രില്ലിലായിരുന്നു. എന്നാല്‍ നാല് മാസത്തിന് ശേഷം, 2024 ജൂലൈ 20 ന്, അന്ന മരിച്ചെന്ന് കേട്ടപ്പോള്‍ എന്റെ ലോകം തകര്‍ന്നുപ്പോയി. അന്നയ്ക്ക് 26 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’- അന്നയുടെ അമ്മയുടെ കത്തില്‍ പറയുന്നു.













