
ന്യൂഡല്‍ഹി: ആദായനികുതി കേസിൽ കോൺഗ്രസിന് ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി. 105 കോടിയുടെ ആദായനികുതി കുടിശ്ശിക അടയ്ക്കണമെന്ന അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ട്രിബ്യൂണലിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ്മ, പുരുഷൈന്ദ്രകുമാര്‍ കൗരവ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെ നടപടി.
2021ൽ ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിട്ട് ഇത്രയും വർഷം കോൺഗ്രസ് ഉറങ്ങുകയായിരുന്നോ എന്ന് കോടതി ചോദിച്ചു. വിഷയം വളരെ മോശമായാണ് പാർട്ടി കൈകാര്യം ചെയ്തതെന്നും കോടതി വിമർശിച്ചു. അതേസമയം പാർട്ടിക്ക് വേണമെങ്കിൽ പുതിയ ഒരു ഹർജി ട്രിബ്യൂണലില്‍ നൽകാമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
കഴിഞ്ഞ ഫെബ്രുവരി 13-നായിരുന്നു ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ചത്. 2018-19 കാലത്തെ നികുതി കുടിശ്ശികയായി 199 കോടി രൂപ അടക്കണമെന്നായിരുന്നു നോട്ടീസിൽ. ഇതിനെതിരേയാണ് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.