കെജ്രിവാളിന്റെ അറസ്റ്റിനു പിന്നാലെ, ഡല്‍ഹി മന്ത്രി കൈലാഷ് ഗഹ്ലോട്ടിനെ ഇഡി ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാള്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്ലോട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നിലവില്‍ ഡല്‍ഹി സര്‍ക്കാരില്‍ ആഭ്യന്തരം, ഗതാഗതം, നിയമം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയായ കൈലാഷ് ഗഹ്ലോട്ട് ഇതിനകം അന്വേഷണ ഏജന്‍സിയുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) മൊഴി രേഖപ്പെടുത്താനും കേസില്‍ ചോദ്യം ചെയ്യാനും ഹാജരാകാനും കൈലാഷ് ഗഹ്ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെക്കൂടാതെ, എഎപി എംപി സഞ്ജയ് സിംഗ്, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവുമായ കെ കവിതയും ജയിലിലാണ്.

More Stories from this section

family-dental
witywide