
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. ഏഴര വര്‍ഷത്തെ വിചാരണത്തടവിന് ശേഷമാണ് സുനി പുറത്തെത്തുന്നത്. കഴിഞ്ഞദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു ശേഷം വിചാരണക്കോടതിയിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞാണ് ഇന്ന് സുനി പുറത്തിറങ്ങിയത്. എറണാകുളം സബ്ജയിലില്‍ 4.15-ഓടെ കോടതി ഉത്തരവുമായെത്തിയ ബന്ധുക്കള്‍ സുനിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത്. എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ട് പോകരുത്. പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്. ഒരു സിം കാര്‍ഡ് മാത്രമെ ഉപയോഗിക്കാവൂ എന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സുനിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശം. നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.