കൊലപാതകത്തിനു ശേഷം മൃതദേഹത്തിന് തീയിട്ടു, ബഹുനിലകെട്ടിടത്തില്‍ തീ പടര്‍ന്ന് 76 പേര്‍ മരിച്ചു… വെളിപ്പെടുത്തലുമായി യുവാവ്

ജോഹന്നാസ് ബര്‍ഗ്: ജോഹന്നാസ് ബര്‍ഗില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 76 പേര്‍ മരിച്ച സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പഴക്കമേറിയ കെട്ടിടത്തിന് തീപിടിച്ചതെങ്ങനെയെന്നുള്ള അന്വേഷണത്തിനൊടുവില്‍ കാരണക്കാരന്‍ പൊലീസിന് മുന്നില്‍ കുറ്റ സമ്മതം നടത്തി. താന്‍ കൊലപ്പെടുത്തിയ ഒരാളുടെ മൃതദേഹം കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഇട്ട് കത്തിച്ചുവെന്നും അതിനിടയില്‍ തീ പടര്‍ന്ന് ആളുകള്‍ മരണപ്പെട്ടുവെന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അഞ്ച് മാസങ്ങള്‍ക്കു മുമ്പ് ജോഹന്നാസ്ബര്‍ഗില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തം. കുറ്റസമ്മതം നടത്തിയ 29 കാരനായ യുവാവിന്റെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തീപിടിത്തമുണ്ടായ രാത്രി കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഒരാളെ അടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് കൊല്ലപ്പെട്ടയുവാവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും കുറ്റസമ്മതം നടത്തിയ യുവാവ് പറഞ്ഞു.

താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും കെട്ടിടത്തില്‍ താമസിച്ചിരുന്ന ടാന്‍സാനിയന്‍ മയക്കുമരുന്ന് വ്യാപാരിയാണ് ഇയാളെ കൊല്ലാന്‍ പറഞ്ഞതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മണിക്കൂറുകള്‍ക്ക് ശേഷം, മൊഴി നല്‍കിയ ശേഷം ആളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനും തീകൊളുത്തിയതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ജൊഹാനസ്ബര്‍ഗിലെ കോടതിയില്‍ ഉടന്‍ ഹാജരാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

തീപിടിത്തത്തിന് കാരണമായത് എന്താണെന്നും സുരക്ഷാ വീഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്നും ഇത്രയധികം ആളുകള്‍ മരിക്കാന്‍ ഇടയാക്കിയതെന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

ജോഹന്നാസ് ബര്‍ഗിലെ മാര്‍ഷല്‍ടൗണ്‍ ഡിസ്ട്രിക്ടിലെ ജീര്‍ണിച്ച അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരില്‍ 12 കുട്ടികളുമുണ്ടായിരുന്നു. 80ലധികം പേര്‍ക്ക് തീ പിടുത്തത്തില്‍ പരിക്കേറ്റിരുന്നു. വീടില്ലാത്തവര്‍ക്കും അനധകൃത കുടിയേറ്റക്കാര്‍ക്കുമായി ചിലര്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു കാലപ്പഴക്കം ഏറെയുള്ള ഈ കെട്ടിടം. ഇവിടെ താമസിച്ചിരുന്നവരില്‍ ക്രിമിനലുകളും മയക്കുമരുന്ന് വ്യാപാരികളും ഡീലര്‍മാരുമായിരുന്നു ഏറിയ പങ്കും. തീപിടിത്തത്തിന് മുമ്പ് കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നതായും യുവാവിന്റെ മൊഴിയില്‍ പറയുന്നു.

ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ ഉത്തരവിട്ടിരുന്നു.

More Stories from this section

family-dental
witywide