
കൊച്ചി: രോഗനിര്‍ണയ മേഖലയില്‍ മുന്‍നിരയിലുള്ള കേരള കമ്പനിയായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് കാക്കനാട് കിന്‍ഫ്രയുടെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ അത്യാധുനിക മെഡിക്കല്‍ ഉപകരണ നിർമാണ യൂണിറ്റ് തുറക്കുന്നു. 2.1 ഏക്കറിലായി 70,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന പുതിയ നിര്‍മ്മാണ കേന്ദ്രം 2 ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
ആദ്യഘട്ടം ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകോത്തര നിലവാരത്തിലൊരുക്കുന്ന ഈ കേന്ദ്രത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ 150 വിദഗ്ധ എന്‍ജിനീയര്‍മാര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. രണ്ടാം ഘട്ടം 2027ഓടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് അഗാപ്പെ കണക്കുകൂട്ടുന്നത്. ഇതോടെ തൊഴിലും ഇരട്ടിയാകും. എറണാകുളം ആസ്ഥാനമായി മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗാപ്പെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.വി.ഡി കമ്പനിയാണ്.
പി. രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കൊച്ചിയിൽ അത്യാധുനിക മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് യൂണിറ്റുമായി അഗാപ്പെ.
കാക്കനാട് കിൻഫ്രയുടെ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിൽ 2.1 ഏക്കറിലായി 70,000 ചതുരശ്ര അടി വിസ്തീർണത്തിലൊരുക്കുന്ന പുതിയ നിർമ്മാണ കേന്ദ്രം 2 ഘട്ടങ്ങളിലായി പണി പൂർത്തിയാക്കാനാണ് അഗാപ്പെ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം ഈ വർഷം ഏപ്രിൽ മാസത്തിൽ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു. ലോകോത്തര നിലവാരത്തിലൊരുക്കുന്ന ഈ കേന്ദ്രത്തിൽ ആദ്യഘട്ടത്തിൽ തന്നെ 150 വിദഗ്ധ എഞ്ചിനീയർമാർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. രണ്ടാം ഘട്ടം 2027ഓടെ പൂർത്തീകരിക്കാനാകുമെന്നാണ് അഗാപ്പെ കണക്കുകൂട്ടുന്നത്. ഇതോടെ തൊഴിലും ഇരട്ടിയാകും.
ഇന്ത്യയുടെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് മേഖലയിൽ 20% ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത് കേരളത്തിലാണ്. രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് ഹബ്ബാകാൻ കേരളത്തിന് സാധിക്കുമെന്ന് ഈ സർക്കാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും ഈ കാരണം കൊണ്ടുതന്നെയാണ്. ഇപ്പോൾ പുതുതായി അഗാപ്പെ ഗ്രൂപ്പ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ നിർമ്മാണ യൂണിറ്റും കേരളത്തിൻ്റെ കുതിപ്പിന് ഊർജ്ജം പകരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും അറിയിക്കുന്നു.