രാഹുലിന്റെ വാദം തള്ളി അഗ്നിവീറിന്റെ കുടുംബം; ലഭിച്ചത്‌ 1.08 കോടിയുടെ സഹായം

ന്യൂഡല്‍ഹി: അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ പറഞ്ഞതിനു പിന്നാലെ രാഹുലിനെ തള്ളി വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭിച്ചുവെന്നും ഇന്‍ഷുറന്‍സ് തുക അടക്കം 1.08 കോടി കിട്ടിയെന്നുമാണ് കഴിഞ്ഞ ഒക്ടോബറില്‍ സിയാച്ചിനില്‍ വെച്ച് വീരമൃത്യു വരിച്ച അഗ്‌നിവീര്‍ അക്ഷയ് ഗവാതെയുടെ അച്ഛന്‍ ലക്ഷ്മണ്‍ ഗവാതെയുടെ വെളിപ്പെടുത്തല്‍.

അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ആയി ലഭിച്ചെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 50 ലക്ഷവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ലക്ഷവും ലഭിച്ചെന്നും അദ്ദേഹം കണക്കുനിരത്തി വ്യക്തമാക്കി.

‘അഗ്‌നിപഥ്’ പദ്ധതിക്ക് കീഴില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ചാല്‍ ആ കുടുംബത്തിന് കേന്ദ്രം സാമ്പത്തിക സഹായം ലഭ്യമാക്കുന്നില്ലെന്ന് ഇന്നലെ രാഹുല്‍ ആരോപിച്ചിരുന്നു. പഞ്ചാബില്‍ കുഴിബോംബ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച ഒരു അഗ്‌നിവീറിന്റെ കുടുംബത്തെ താന്‍ കണ്ടുവെന്നും, ഞാന്‍ അദ്ദേഹത്തെ രക്തസാക്ഷി എന്ന് വിളിക്കുന്നു, പക്ഷേ സര്‍ക്കാര്‍ അദ്ദേഹത്തെ രക്തസാക്ഷിയായി അംഗീകരിക്കുന്നില്ലെന്നും, ആ കുടുംബത്തിന് പെന്‍ഷനോ നഷ്ടപരിഹാരമോ ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുലിനെ തള്ളിയിരുന്നു. രാഹുല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. രാഹുലിന്റെയും പ്രതിരോധമന്ത്രിയുടെയും പ്രസ്താവനകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്നും രാജ്യത്തോട് സത്യം പറയണമെന്നും അമിത് ഷാ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടു. ഈ സഭ നുണകള്‍ പ്രചരിപ്പിക്കാനുള്ളതല്ലെന്നും രാഹുല്‍ സഭയോടും രാജ്യത്തോടും അഗ്‌നിവീരന്മാരോടും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide