ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങിനല്‍കിയില്ല; വിവാഹമോചനത്തിനൊരുങ്ങി യുവതി

ലഖ്‌നൗ: ഭര്‍ത്താവ് ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്. ഒരു വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്കിടയിലാണ് കുര്‍ക്കുറെയെ ചൊല്ലിയുള്ള തര്‍ക്കം വിള്ളല്‍ വീഴ്ത്തിയത്.

ഭര്‍ത്താവ് ഒരുദിവസം ‘കുര്‍ക്കുറേ’ വാങ്ങികൊണ്ടുവരാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പതിവായി കുര്‍ക്കുറേ വാങ്ങി നല്‍കണമെന്ന് ഭര്‍ത്താവിനോട് യുവതി പറഞ്ഞിരുന്നു. എന്നാല്‍ സ്ഥിരമായി കുര്‍ക്കുറേ കഴിച്ച് അതിനോടുള്ള ആസക്തി വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ഒരു ദിവസം കുര്‍ക്കുറേ വാങ്ങാതെ വീട്ടിലെത്തി. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉടലെടുത്തു.

പിന്നാലെ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് പോയെന്നും തുടര്‍ന്ന് പോലീസിനെ സമീപിച്ചെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, ഭര്‍ത്താവ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് യുവതിയും ആരോപിച്ചിട്ടുണ്ട്. ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് യുവതിയെത്തിയത്. സംഭവങ്ങളെല്ലാം അറിഞ്ഞതോടെ പോലീസ് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് അയച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.