
ചിക്കാഗോ: ചിക്കാഗോയിൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ്റെ മൂന്നാം ദിവസം ആരംഭിച്ചത് ‘വൈസുധൈവ കുടുംബകം’ സന്ദേശം പകർന്ന്. ഹിന്ദു പുരോഹിതനാണ് ചടങ്ങുകൾ ആരംഭിച്ചത്. “ഓം ശാന്തി ശാന്തി” എന്ന മന്ത്രം ഹാളിലുടനീളം അലയടിച്ചു. മേരിലാൻഡിലെ ശ്രീ ശിവവിഷ്ണു ക്ഷേത്രത്തിലെ പൂജാരി രാകേഷ് ഭട്ട്, ഐക്യ രാജ്യത്തിനായി അനുഗ്രഹം തേടി വേദ പ്രാർത്ഥന ചൊല്ലി.
പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്‌ട്രത്തിന്റെ കാര്യത്തിൽ ഐക്യം പ്രധാനമാണെന്നും അത് നന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “സമൂഹത്തിന്റെ പുരോഗതിക്കായി നമ്മുടെ മനസ് ഒരുമിച്ച് ചിന്തിക്കട്ടെ, ഹൃദയങ്ങൾ ഒന്നായി മിടിക്കട്ടെ. അത് നമ്മെ ശക്തരാക്കട്ടെ, അങ്ങനെ രാജ്യത്തിനായി ഒന്നിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”
സത്യമാണ് നമ്മുടെ അടിത്തറയെന്നും ലോകമൊരു കുടുംബമാണെന്നും അദ്ദേഹം ഏവരെയും ഓർമിപ്പിച്ചു. “അയഥാർത്ഥത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും മരണത്തിൽ നിന്ന് അനശ്വരതയിലേക്കും അത് നമ്മെ നയിക്കും. ഓം ശാന്തി ശാന്തി ശാന്തി,” അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന് പിന്തുണയറിയിക്കാൻ ആയിരങ്ങളാണ് ചിക്കാഗോയിലെ യുണെറ്റഡ് സെൻ്ററിൽ നടന്ന ചടങ്ങിലെത്തിയത്.