
ന്യൂഡല്‍ഹി: അപ്രഖ്യാപിത അവധിയുമായി സമരത്തിനിറങ്ങിയ 30 ഓളം എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി കമ്പനി. 30 ജീവനക്കാരെ പിരിച്ചുവിട്ട കടുത്ത നടപടിയാണ് കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ എയര്‍ലൈന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ‘തക്കതായ ന്യായീകരണമില്ലാതെ മുന്‍കൂട്ടി നിശ്ചയിച്ചതും രീതിയില്‍ ജോലിയില്‍ നിന്നും വിട്ടു നിന്നുവെന്നാണ് കാരണം കാണിച്ചിരിക്കുന്നത്. പൊതു താത്പര്യത്തിന് എതിരും കമ്പനിക്ക് നാണക്കേടും സാമ്പത്തിക നഷ്ടവും വരുത്തിയാണ് ജീവനക്കാര്‍ പ്രതിഷേധം നടത്തിയതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്യാബിന്‍ ക്രൂ അംഗങ്ങളുമായി ഇന്ന് മാനേജ്‌മെന്റ് മീറ്റിംഗ് വിളിക്കാനും സാധ്യത ഉണ്ട്.
ജീവനക്കാരുടെ നടപടി നിയമലംഘനമാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂളുകളും ലംഘിക്കുന്നുവെന്നും കമ്പനി. പുതിയ തൊഴില്‍ വ്യവസ്ഥകള്‍ക്കെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ക്കിടയിലുള്ള അസമത്വത്തെ കുറിച്ചും അവരുടെ നഷ്ടപരിഹാര പാക്കേജിലെ മാറ്റങ്ങളും സമരത്തിലേക്ക് നയിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടുണ്ട്.