ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30-വരെ നിര്‍ത്തിവെച്ച് എയര്‍ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേലിലെ ടെൽൽ അവീവിലേക്കുമുള്ള വിമാന സർവിസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. ഇറാൻ-ഇസ്രായേൽ സംഘർഷ ഭീഷണി നിലനിൽക്കുന്നതിനാലാണ് ടെൽ അവീവിലേക്കുള്ള വിമാന സർവിസ് റദ്ദാക്കിയത്. ഈമാസം 30 വരെ സർവിസ് നിർത്തിവെച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.

‘പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവില്‍ നിന്നും തിരിച്ചുമുള്ള ഞങ്ങളുടെ വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,’ എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 011-69329333, 011-69329999 എന്നീ സഹായ നമ്പറുകളില്‍ വിളിക്കുകയോ തങ്ങളുടെ വെബ്‌സൈറ്റായ airindia.com സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സഹായ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.