ഇസ്രയേൽ സർവിസ് റദ്ദാക്കി എയർ ഇന്ത്യ; വിമാനക്കമ്പനികൾ ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കുന്നു

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഡൽഹിയിൽനിന്ന് ഇസ്രായേൽ നഗരത്തിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. മറ്റ് എയർലൈൻസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുകയും ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾ ബദൽ ഫ്ലൈറ്റ് പാതകൾ ചാർട്ട് ചെയ്യുകയും ചെയ്തു.

ദൈർഘ്യമേറിയ ഫ്ലൈറ്റ് പാതകൾ വിമാനങ്ങളുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുമെന്നും ഇത്തരം സാഹചര്യങ്ങൾ വിമാന നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ചില അന്താരാഷ്ട്ര എയർലൈനുകൾ എന്നിവ ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കുകയും പശ്ചിമേഷ്യയിലേക്കുള്ള അവരുടെ വിമാനങ്ങൾക്ക് ബദൽ പാതകൾ തിരഞ്ഞെടുക്കുകയും ചെയ്തു.

പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾക്കായി ബദൽ പാതകൾ ചാർട്ട് ചെയ്തു. ബദൽ പാതകൾ ദൈർഘ്യമേറിയതിനാൽ ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് മുതിർന്ന വൈഡ് ബോഡി എയർക്രാഫ്റ്റ് പൈലറ്റ് പിടിഐയോട് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ബദൽ പാതകൾ തെരഞ്ഞെടുത്തതോടെ യാത്രാദൈർഘ്യം അരമണിക്കൂറോളം കൂടിയിട്ടുണ്ട്.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം മാർച്ച് മൂന്നിനാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇസ്രയേലിലേക്ക് സർവിസ് പുനരാരംഭിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് ശനിയാഴ്ചയാണ് വിസ്താരയും എയർ ഇന്ത്യയും സർവിസിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സിംഗപൂർ എയർലൈൻസ് പോലുള്ള ആഗോള വിമാനക്കമ്പനികളും ഇതുവഴിയുള്ള സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide