
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളായി. ഗുണനിലവാര സൂചികയില്‍ 400 കടന്ന് ‘ഗുരുതര+’ വിഭാഗത്തിലേക്ക് താഴ്ന്നുതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കേന്ദ്ര മലിനീകരണ വിരുദ്ധ സമിതിയായ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിനെ (സിഎക്യുഎം) GRAP 4 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി മുതലാണ് അധിക നിയന്ത്രണം നിലവില്‍ വന്നത് ദേശീയ തലസ്ഥാനവും അതിന്റെ സമീപ പ്രദേശങ്ങളും GRAP 4 നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
പകല്‍ സമയത്ത് GRAP 3 നിയന്ത്രണങ്ങള്‍ ചുമത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം. ഡല്‍ഹിയുടെ 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക, വൈകിട്ട് 4 മണിക്ക് 379 ആയിരുന്നു, ഇത് ഇന്നലെ രാത്രി 10 മണിയോടെ 400 കടന്നു. തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
ഡല്‍ഹിയിലേക്കുള്ള ട്രക്ക് ഗതാഗതം, ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, പവര്‍ ട്രാന്‍സ്മിഷന്‍, പൈപ്പ് ലൈനുകള്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പൊതു പദ്ധതികള്‍ക്കായുള്ള നിര്‍മ്മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരോധിച്ചു.
സ്‌കൂളുകളോട് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊതു, മുനിസിപ്പല്‍, സ്വകാര്യ ഓഫീസുകളില്‍ 50% ജീവനക്കാരെയും ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്കും മാറാന്‍ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
കോളേജുകള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍, അടിയന്തിരമല്ലാത്ത വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടല്‍, രജിസ്‌ട്രേഷന്‍ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കല്‍ തുടങ്ങിയ അധിക അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാം.
കുട്ടികള്‍, പ്രായമായവര്‍, ശ്വസന, ഹൃദയ, സെറിബ്രോവാസ്‌കുലര്‍, അല്ലെങ്കില്‍ മറ്റ് വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവര്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശമുണ്ട്.
കഴിഞ്ഞ മാസം ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം സ്ഥിരമായി ‘കടുത്ത’, ‘വളരെ മോശം’ വിഭാഗത്തിലായിരുന്നു.