
മാനന്തവാടി: കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി ആനയെ ഇനിയും മയക്കുവെടി വയ്ക്കാനാകാതെ വനം വകുപ്പ്. അതേസമയം, പ്രതിഷേധങ്ങള്‍ക്കും കണ്ണീരുകള്‍ക്കുമിടയില്‍ അജീഷിന്റെ സംസ്‌ക്കാരം ഇന്ന് മൂന്ന് മണിക്ക് പടമല സെന്റ് അല്‍ഫോന്‍സ് ചര്‍ച്ച് ദേവാലയ സെമിത്തേരിയില്‍ നടക്കും.
കാട്ടാന നിലവില്‍ വനമേഖലയോട് ചേര്‍ന്നുള്ള ചേലൂര്‍ ആദിവാസി കോളനിക്ക് സമീപമാണുള്ളത്. അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മാത്രമേ മയക്കുവെടി വയ്ക്കാനാകൂ. അതിനാല്‍ത്തന്നെ വനം വകുപ്പും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിനായി കാത്തിരിക്കുകയാണ്. ഇന്നലെ മുതല്‍ വനം വകുപ്പ് ആനയെ തുടര്‍ച്ചയായി നിരീക്ഷിച്ച് വരുന്നുണ്ട്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം കൃത്യമായി കണ്ടെത്താന്‍ കേരള വനംവകുപ്പ് അധികൃതര്‍ക്ക് സാധിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
അജീഷിന്റെ മരണത്തെത്തുടര്‍ന്ന് മാനന്തവാടിയില്‍ ഇന്നലെ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രി ഉള്‍പ്പെടെയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. അജീഷിന്‍െ ഭാര്യക്ക് സര്‍ക്കാരില്‍ സ്ഥിരം ജോലിയും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പിലാണ് ആളുകള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.