
പത്തനംതിട്ട: രാഷ്ട്രീയമായി എതിർ ചേരിയിലായ എ കെ ആന്‍റണിയും മകൻ അനിൽ ആന്‍റണിയും തമ്മിൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്ക് പോര്. പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥിയായിട്ടുള്ള അനിൽ ആന്റണി ഒരുകാരണവശാലും ജയിക്കാൻ പാടില്ലെന്ന് പറഞ്ഞുകൊണ്ട് എ കെ ആന്റണിയാണ് ആദ്യം രംഗത്തെത്തിയത്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാടെന്നും മക്കളെപ്പറ്റി എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആന്‍റണി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
ആന്‍റണിയുടെ വാക്കുകൾക്ക് അധികം വൈകാതെ തന്നെ മകന്‍റെ മറുപടിയെത്തി. താൻ പരാജയപ്പെടണമെന്ന അച്ഛന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അനിൽ രംഗത്തെത്തിയത്. പത്തനംതിട്ടയിൽ താൻ ഉറപ്പായും ജയിക്കുമെന്നായിരുന്നു അനിലിന്‍റെ മറുപടി. ആന്റോ ആന്റണി വൻ തോൽവി ഏറ്റുവാങ്ങുമെന്നും താൻ അവിടെ ജയിക്കുമെന്നും അനിൽ പറഞ്ഞു. ഗാന്ധി കുടുംബത്തിനുവേണ്ടി നിലകൊളളുന്നതിലും സൈന്യത്തെ അപമാനിച്ച ഒരു എം പിക്കുവേണ്ടി പ്രചാരണം നടത്തുന്നതിലും ആന്‍റണിയോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും അനിൽ പറഞ്ഞു. കോൺഗ്രസിൽ ഇപ്പോഴുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അത്തരം കാലഹരണപ്പെട്ട കോൺഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണെന്നും അനിൽ പരിഹസിച്ചു.
ak antony vs anil antony Congress senior leader AK Antony hopes son Anil loses upcoming Lok Sabha polls