ലഖ്‌നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കാൻ ധാരണയിലെത്തി. സംസ്ഥാനത്ത് 11സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. കോൺഗ്രസിന് സ്വമേധയാ 11 സീറ്റുകൾ വിട്ടുനൽകുകയായിരുന്നുവെന്ന് പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.
ഏപ്രിൽ-മെയ് മാസങ്ങളിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുക. യുപിയിൽ ആകെ 80 സീറ്റുകളാണ് ഉള്ളത്. കോൺഗ്രസുമായി ധാരണയിലെത്തിയ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അഖിലേഷ് അറിയിച്ചത്.
”കോൺഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളിൽ മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഇത്തരം സമവാക്യങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങൾ ചരിത്രം മാറ്റിമറിക്കും.”
ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും എസ്പിയും തമ്മിൽ തർക്കമുണ്ടായിരുന്നു. നിരവധി വട്ട ചർച്ചകൾക്കുശേഷമാണ് ഇരുകക്ഷികൾക്കും അനുയോജ്യമായ രീതിയിലുള്ള ധാരണയിലേക്ക് നീങ്ങാൻ സാധിച്ചത്. യുപിയിൽ കൂടുതൽ സീറ്റുകൾ നൽകണമെന്നായിരുന്നു കോൺഗ്രസ് എസ്പിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിന് അഖിലേഷ് യാദവ് തയാറായില്ല. സീറ്റിനായി കോൺഗ്രസ് മായാവതിയുമായി ചർച്ച നടത്തുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചിരുന്നു. ഒടുവിൽ ഇരുപാർട്ടികളും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തി.
ബിഹാർ മുഖ്യമന്ത്രിയും ജെഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാർ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിലേക്ക് മടങ്ങിയെത്തുമെന്ന ശക്തമായ സൂചനകൾക്കിടയിലാണ് ഈ സംഭവവികാസം. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം 2022 ഓഗസ്റ്റിലാണ് മുൻ ബദ്ധവൈരി ലാലു പ്രസാദ് സ്ഥാപിച്ച ആർജെഡിയുമായി നിതീഷ് കുമാർ കൈകോർത്തത്.
ബീഹാറിലെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, ബിജെപിയെ നേരിടാൻ രാജ്യത്തുടനീളമുള്ള എല്ലാ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ഒരു നീക്കത്തിന് തുടക്കമിട്ടു. ഈ നീക്കമാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിൽ കലാശിച്ചത്. നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങാൻ തീരുമാനിച്ചാൽ പ്രതിപക്ഷ ഐക്യമുന്നണിക്ക് വൻ തിരിച്ചടിയുണ്ടാകും.