
ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് ഭര്‍ത്താവ് ഋഷി സുനക് തന്റെ അവസാന പ്രസംഗം നടത്തുന്നത് അക്ഷത മൂര്‍ത്തി നോക്കിനിന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയം സ്വയം ഏറ്റെടുത്ത് അദ്ദേഹം തലകുനിച്ചു നില്‍ക്കുകയും ദുഖം തളംകെട്ടിയ പ്രസംഗം നടത്തുകയും ചെയ്തപ്പോള്‍ ഭാര്യ സമീപത്തുതന്നെ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ടുനിന്നു. എന്നാല്‍, അക്ഷതയെ ട്രോളാനായിരുന്നു പിന്നീടുള്ള മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ തിരക്കേറിയത്.

എന്താണ് ഇത്ര ട്രോളാന്‍ എന്നു ചോദിച്ചാല്‍, അക്ഷതയുടെ വസ്ത്രം തന്നെയായിരുന്നു അതിനു പിന്നില്‍. നീല, വെള്ള, ചുവപ്പ് പാറ്റേണുകളുള്ള അക്ഷതയുടെ വസ്ത്രം വളരെയധികം ചര്‍ച്ചാ വിഷയമായി മാറി. ചിലര്‍ വസ്ത്രത്തിന്റെ നിറത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു, മറ്റുചിലര്‍ വസ്ത്രത്തിന്റെ പാറ്റേണിനെക്കുറിച്ച് കമന്റോട് കമന്റ്, വേറേ ചിലരാകട്ടെ, വസ്ത്രത്തിന്റെ വിലയെ കുറിച്ചാലോചിച്ച് തല പുകച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 42000 രൂപയാണ് ഇതിന്റെ വില.
അമേരിക്കന്‍ പതാക പുതച്ചാണോ നില്‍പ്പെന്നും ഡിസ്നിലാന്‍ഡില്‍ പ്രവേശിക്കാനുള്ള ക്യുആര്‍ കോഡാണ് അക്ഷതയുടെ ഗൗണെന്നും ആളുകള്‍ കളിയാക്കി. അക്ഷതയുടെ കയ്യിലൊരു കുടയുമുണ്ടായിരുന്നു. അതിനെക്കുറിച്ചും ചര്‍ച്ചകള്‍ പെയ്തു.

യുകെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന ഏറ്റവും ധനികനായ വ്യക്തിയാണ് ഋഷി സുനക്. ഭാര്യ അക്ഷതയാകട്ടെ, ടെക് ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകനും കോടീശ്വരനുമായ നാരായണ മൂര്‍ത്തിയുടെ മകളാണ്. സണ്‍ഡേ ടൈംസിന്റെ 2024-ലെ കോടീശ്വര ലിസ്റ്റ് പ്രകാരം 651 മില്യണ്‍ പൗണ്ട് (815 മില്യണ്‍ ഡോളര്‍) ആസ്തിയുള്ള ഈ ദമ്പതികള്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഏറ്റവും സമ്പന്നരായ ആളുകളാണ്. അപ്പോള്‍പ്പിന്നെ 42000 രൂപയുടെ വസ്ത്രത്തില്‍ എന്തിരിക്കുന്നു.