
ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞതിന്റെ കാരണം കണ്ടെത്തി. കടൽ ഉൾവലിഞ്ഞതിൽ പ്രദേശവാസികൾക്ക് ഭയമോ ആശങ്കയോ വേണ്ടെന്നും സ്വാഭാവിക പ്രതിഭാസമാണ് ഉണ്ടായതെന്നുമാണ് വിദഗ്ധരുടെ കണ്ടെത്തൽ. ചിലയിടങ്ങളിൽ ചാകരയ്ക്ക് മുമ്പായി ഇത്തരം പ്രതിഭാസമുണ്ടാകാറുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ചാകരക്ക് മുന്നോടിയായുള്ള പ്രതിഭാസമായിരിക്കാം എന്നറിഞ്ഞതോടെ തീരപ്രദേശത്തുള്ളവർക്ക് സന്തോഷമാണുള്ളത്. ചാകര എത്തുന്നതും കാത്തിരിക്കുകയാണ് പുറക്കാട് തീരത്തുള്ളവർ.അതേസമയം തന്നെ പുറക്കാട് ഉള്‍വലിഞ്ഞ കടൽ സാധാരണ ഗതിയിലായിട്ടുണ്ട്. ഇന്ന് രാവിലെയോടെ തന്നെ തീരം ഏറക്കുറെ പഴയനിലയിലായി. നിലവിൽ ശാന്തമാണ് പുറക്കാട് തീരം. പുറക്കാട് കടലിലെ അമ്പലപ്പുഴ പുന്തല മുതൽ വടക്ക് പഴയങ്ങാടി വരെയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കടൽ ഉൾവലിഞ്ഞത്. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ ആശങ്കയാണ് ഉണ്ടായത്. 50 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. പുറക്കാട് മുതൽ തെക്കോട്ട് ഏകദേശം 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കാതായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
alappuzha purakkad seacoast back to normal state