വെന്തുരുകി ഉത്തരേന്ത്യ; ദില്ലിയില്‍ താപനില 50 ഡിഗ്രി, കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനം, ടാപ്പുകളിലൂടെ വരുന്നത് തിളച്ച വെള്ളം

കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴയും മഴക്കെടുതിയും തുടരുമ്പോള്‍ ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വെന്തുരുകുകയാണ്. ഉഷ്ണക്കാറ്റും ഉഷ്ണതരംഗവുമൊക്കെയായി ജനം വലയുകയാണ്. രാവും പകലുമില്ലാത്ത കൊടുംചൂടാണ് ദില്ലിയില്‍. പകല്‍ സമയങ്ങളില്‍ വെന്തുപൊള്ളുന്ന സൂര്യതാപം. ചുട്ടുപഴുത്ത കെട്ടിടങ്ങള്ളില്‍ വേവുന്ന ജീവിതമാണ് ഏയര്‍ കണ്ടീഷനൊന്നും ഇല്ലാത്ത സാധാരണക്കാര്‍ക്ക്. 

കൊടുംചൂടിനൊപ്പം കുടിവെള്ള ക്ഷാമവും അതിരൂക്ഷമാണ്. പലയിടങ്ങളിലും കുടിവെക്കാന്‍ വെള്ളമില്ല. ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും എത്തുന്ന വെള്ളമാണ് ദില്ലിയുടെ ദാഹം മാറ്റുന്നത്. പക്ഷെ, ഹരിയാനയില്‍ നിന്ന് ആവശ്യത്തിന് കുടിവെള്ളം കിട്ടുന്നില്ലെന്നാണ് ദില്ലി സര്‍ക്കാര്‍ പറയുന്നത്. ടാങ്കറുകളില്‍ പരമാവധി സ്ഥലത്ത് കുടിവെള്ളം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പകല്‍ സമയങ്ങളില്‍ ആളുകള്‍ പരമാവധി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച 49.9 ഡിഗ്രി താപനിലയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. അതിന് സമാനമായോ, അതിന് മുകളിലേക്കോ ബുധനാഴ്ച താപനില ഉയര്‍ന്നേക്കും. സാധാരണ ഈ സമയങ്ങളില്‍ ഇടക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കിട്ടാറുള്ള മഴ ഇത്തവണ ഉണ്ടായിട്ടില്ല. വീടുകള്‍ക്ക് മുകളിലെ വാട്ടര്‍ ടാങ്കുകളില്‍ നിന്നും വെള്ളം തിളച്ച അവസ്ഥയിലാണ് ടാപ്പുകളിലൂടെ എത്തുക. സമീപ കാല ചരിത്രത്തില്‍ ദില്ലിയില്‍ ഇത്രയും അധികം ചൂട് ഉണ്ടായിട്ടില്ല എന്നാണ് സാധാരണക്കാര്‍ പറയുന്നത്. 

Delhi heat reach near half century

More Stories from this section

family-dental
witywide