രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; ആവശ്യവുമായി യുപിയിലെ ഗര്‍ഭിണികള്‍

കാൺപൂർ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് സിസേറിയൻ ശസ്ത്രക്രിയ നടത്തണമെന്ന അഭ്യർഥനയുമായി യുപിയിലെ ഗർഭിണികൾ.

ഒരു ലേബർ റൂമിൽ 12 മുതൽ 14 വരെ സിസേറിയൻ നടത്തുന്നതിനുള്ള അപേക്ഷകൾ രേഖാമൂലം ലഭിച്ചിട്ടുണ്ടെന്ന് ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സീമ ദ്വിവേദി പറഞ്ഞു.

ജനുവരി 22 ന് 35 സിസേറിയൻ ശസ്ത്രക്രിയകൾക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് ദ്വിവേദി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

“ജനുവരി 22ന് 35 സിസേറിയന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ പുരോഹിതന്മാരില്‍നിന്നും ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ട്. പുരോഹിതര്‍ പറയുന്ന സമയങ്ങളില്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ധീരതയുടേയും സത്യസന്ധതയുടേയും ആജ്ഞാനുവര്‍ത്തിത്വത്തിന്‍റേയും പ്രതീകമായാണ് ശ്രീരാമനെ അമ്മമാര്‍ കാണുന്നത്. അതിനാല്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം ജനിച്ചാല്‍ ഈ ഗുണങ്ങള്‍ തങ്ങളുടെ മക്കള്‍ക്കും ഉണ്ടാവുമെന്ന് അമ്മമാര്‍ വിശ്വിക്കുന്നു,” ഡോ. സീമാ ദ്വിവേദി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ ആദ്യഘട്ടം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ജനുവരി 22-ന് രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.