ഇളവ് ഒരാൾക്ക് മാത്രം, കോൺഗ്രസ് സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കണം, 2 സീറ്റിലെ കാര്യം ഉപസമിതി തീരുമാനിക്കും

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്ന് തൃശൂരിൽ ഇന്ന് ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനം. മത്സരിക്കാനില്ലെന്ന ചില എം പിമാരുടെ ആവശ്യം തെരഞ്ഞെടുപ്പ് സമിതി തള്ളിക്കളഞ്ഞു. ഇക്കാര്യത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് മാത്രമാണ് ഇളവ് അനുവദിച്ചത്. കെ പി സി സി അധ്യക്ഷനായതിനാൽ തന്നെ സംഘടനാ ചുമതല നോക്കേണ്ടതുള്ളതിനാൽ ഇക്കുറി ലോക്സഭ പോരാട്ടത്തിനിറങ്ങാനാകില്ലെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. സുധാകരന്‍റെ ആവശ്യം മാത്രമാണ് നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

മത്സരിക്കാൻ താത്പര്യമില്ലെന്ന കൊടിക്കുന്നിൽ സുരേഷിന്‍റെയടക്കം വാദങ്ങൾ സമിതി തള്ളിക്കളഞ്ഞു. സംഘടനാ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോകാനായി ഇക്കുറി മാറിനിൽക്കാൻ അനുവദിക്കണമെന്നായിരുന്നു കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്. എന്നാൽ സിറ്റിംഗ് എം പിമാർ മത്സരിക്കുന്നതാണ് നല്ലതെന്നാണ് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നത്.

സ്ഥാനാർഥികളുടെ കാര്യത്തിലടക്കം പൊതു അഭിപ്രായമുയർന്നതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെക്കിറങ്ങാനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസ് മത്സരിക്കുന്നതിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് ഇനി ധാരണയുണ്ടാക്കേണ്ടത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പിയായിട്ടുള്ള കണ്ണൂർ മണ്ഡലത്തിലും സി പി എം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എം പിമാർ തന്നെയാകും കളത്തിലെത്തുക. കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാർഥിനിർണയത്തിന് ഉപ സമിതിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കെ സുധാകരൻ, വി ഡി സതീശൻ , എം എം ഹസ്സൻ എന്നിവരാണ് ഉപ സമിതിയിലുള്ളത്. സിറ്റിംഗ് എം പിമാർ മത്സരിക്കാനുള്ള കെ പി സി സിയുടെ തീരുമാനം എ ഐ സി സി ശരിവച്ചാൽ വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും സ്ഥാനാർത്ഥിയാകും.

All sitting Mps Except KPCC President to Contest in Lok Sabha Polls decides Congress

More Stories from this section

family-dental
witywide