
ഡൽഹി: ഭൂരിപക്ഷ സമുദായത്തിനു കാര്യങ്ങൾ തീരുമാനിക്കാനാകണമെന്ന വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ചു വരുത്താൻ തീരുമാനിച്ചു. ഈമാസം 17 ന് സുപ്രീം കോടതി കൊളീജിയം മുമ്പാകെ നേരിട്ട് ഹാജരാകാന്‍ ശേഖര്‍ കുമാര്‍ യാദവിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് ഹാജരാകേണ്ടത്. നിര്‍ദേശം ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് കൈമാറിയിട്ടുണ്ട്.
വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
ഏകീതൃത സിവില്‍ കോഡ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളിലാണ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസ്താവന നടത്തിയത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്ന പരാമര്‍ശമാണ് കൂടുതല്‍ പ്രതിഷേധത്തിന് കാരണമായത്.