
ഹൈദരാബാദ്: ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും നടന്‍ അല്ലു അര്‍ജുന്‍ ഇന്നലെ ജയില്‍ മോചിതനായില്ല. തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ജഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ രാത്രി വൈകിവരേയും ജയിലിലെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ ജയില്‍ മോചനം സാധ്യമാകില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കോടതി ഉത്തരവ് എത്തിയാല്‍ മാത്രമേ അല്ലുവിന്റെ മോചന സാധ്യമാകൂ.
പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിലാണ് അല്ലു അര്‍ജുന്‍ ഇന്നലെ അറസ്റ്റിലായത്. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം ജയിലിന് പുറത്ത് അല്ലു അര്‍ജുന്റെ ആരാധകര്‍ പ്രതിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.