വടക്കന്‍ ഗാസയില്‍ ഏകദേശം 8,000 ഹമാസ് പ്രവർത്തകരെ വധിച്ചെന്ന്: ഇസ്രായേല്‍

ന്യൂഡല്‍ഹി: വടക്കന്‍ ഗാസ മുനമ്പിലെ ഹമാസിന്റെ കമാന്‍ഡ് ഘടന പൂര്‍ണമായും തകർത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.വടക്കന്‍ ഗാസയില്‍ ഏകദേശം 8,000 ‘തീവ്രവാദികളെ’ ഇസ്രായേല്‍ വധിച്ചതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തെക്കന്‍ ഗാസയിലും മധ്യ ഗാസയിലും ഹമാസിനെ തകര്‍ക്കുന്നതിലാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ 22,000-ത്തിലധികം ആളുകളെ വധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120-ലധികം മരണങ്ങള്‍ രേഖപ്പെടുത്തി.യുദ്ധത്തോടെ പ്രദേശം നശിപ്പിക്കപ്പെടുകയും 2.3 ദശലക്ഷം ജനസംഖ്യയുടെ ഭൂരിഭാഗവും ഗാസയില്‍ നിന്നും പലായനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് തോക്കുധാരികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും അവരില്‍ ഭൂരിഭാഗവും സാധാരണക്കാരും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിന് ശേഷമാണ് ഇസ്രായേലിന്റെ ആക്രമണം ആരംഭിച്ചത്.

അതേസമയം, ഹമാസിനെ ഉന്മൂലനം ചെയ്യാനും ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരാനും ഗാസ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനുമുള്ള പ്രചാരണം ഇസ്രായേല്‍ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച ആവര്‍ത്തിച്ചു.

സമ്പൂര്‍ണ വിജയം കൈവരിക്കുന്നത് വരെ നമ്മള്‍ എല്ലാം മാറ്റിവെക്കണം- നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, ഈ ആഴ്ച ആദ്യം ബെയ്റൂട്ടില്‍ ഹമാസ് ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന്റെ പ്രാഥമിക പ്രതികരണമെന്ന നിലയില്‍ ശനിയാഴ്ച വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡസന്‍ കണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടു.

More Stories from this section

family-dental
witywide