
കൊച്ചി: കടയിൽ സാധനം വാങ്ങാൻ വിട്ട ശേഷം ആലുവയിൽ കാണാതായ 12 വയസുള്ള പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലുവ പൊലീസാണ് ഇതര സംസ്ഥാനക്കാരിയായ 12 കാരിയെ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന പരാതി കിട്ടി മൂന്ന് മണിക്കൂറിനകം ആണ് ആലുവ പൊലീസ് അങ്കമാലിയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് തിരികെ പോകാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് മാസം മുൻപാണ് കുട്ടി അമ്മക്കൊപ്പം ആലുവയിലെത്തിയത്. എന്നാൽ ആലുവയിൽ നിന്നും കുട്ടി കൊൽക്കത്തക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. ഇതിനായി 12 കാരി സുഹൃത്തിന്‍റെ സഹായം തേടി. അങ്ങനെയാണ് ഇന്ന് വൈകുന്നേരം ആലുവയിൽ നിന്നും കൊൽക്കത്തക്ക് പോകാൻ ശ്രമം നടത്തിയത്. അങ്കമാലി റെയിൽവേ സ്റ്റേഷനടുത്ത് വെച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
ആലുവ എടയപ്പുറത്ത് താമസിക്കുന്ന മൊഹോനയെ വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടുകാർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വിട്ടത്. കുട്ടിയെ ഏറെനേരമായിട്ടും കാണാതായതോടെയാണ് വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. ഇതേ സ്ഥലത്തുനിന്ന് മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായത് സംശയം ജനിപ്പിച്ചു. ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തിലാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി 3 മണിക്കൂറിനകം തന്നെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു.
Aluva police found missing 12 year girl from Angamaly railway station