
വാഷിംഗടണ്‍: അമേരിക്കയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി. അലബാമയിലെ കെന്നത്ത് യൂജിന്‍ സ്മിത് എന്ന തടവുകാരനാണ് ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധേയനായത്.
കെന്നത്ത് യൂജിന്‍ സ്മിത്ത് വ്യാഴാഴ്ച രാത്രി 8:25 ന് (പ്രാദേശിക സമയം)മരിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ‘നീതി ലഭിച്ചു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെന്നത്ത് സ്മിത്ത് ചെയ്ത ഹീനമായ പ്രവൃത്തിക്ക് ഇന്ന് രാത്രി, കെന്നത്ത് സ്മിത്ത് വധിക്കപ്പെട്ടു,’ അറ്റോര്‍ണി ജനറല്‍ സ്റ്റീവ് മാര്‍ഷലിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു.
15 മിനിറ്റ് നേരം മാസ്‌കിലൂടെ നൈട്രജന്‍ വാതകം ഇയാള്‍ക്ക് നല്‍കി. വേഗം ബോധം മറയും എന്ന പ്രത്യേകതയാണ് ഈ രീതി അവലംബിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഓക്‌സിജന്റെ അഭാവത്തില്‍ മരണം സംഭവിക്കും.
58 കാരനായ സ്മിത്ത് 1989-ല്‍ ഒരു പാസ്റ്ററുടെ ഭാര്യ എലിസബത്ത് സെനറ്റിനെ കൊല്ലാന്‍ കൂട്ടുനിന്നു എന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. മുഖ്യ പ്രതിയായിരുന്ന പാസ്റ്റര്‍ ആത്മഹത്യ ചെയ്തിരുന്നു. കടത്തില്‍ മുങ്ങിയ പാസ്റ്റര്‍ ഭാര്യയുടെ പേരിലുള്ള വലിയ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ അവരെ കൊല്ലാന്‍ തീരുമാനിക്കുകയും അതിനായി യൂജീന്‍ സ്മിത്തിനെ സഹായിയായി വിളിക്കുകയുമായിരുന്നു.
ക്രൂരവും അസാധാരണവുമായ ശിക്ഷയെന്ന് കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ അഭിഭാഷകര്‍ വിശേഷിപ്പിച്ച ഈ രീതി തടയാന്‍ യുഎസ് സുപ്രീം കോടതിയും ലോവര്‍ അപ്പീല്‍ കോടതിയും വിസമ്മതിച്ചു. സാധാരണ ഇന്‍ജക്ഷന്‍ വച്ചാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്.
യുഎസിലും ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നതനുസരിച്ച് ലോകത്തെവിടെയും ഈ രീതിയിലൂടെ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെ വ്യക്തിയാണ് സ്മിത്ത്.